Tuesday, January 27, 2015

മുഖം മൂടിക്കും കൂട്ടുകാർക്കും - Maju Maniyan Nedumudy

മുഖം മൂടിക്കും കൂട്ടുകാർക്കും
---------------------------------------------------
കണ്ടുവോ നിങ്ങൾ കേട്ടുവോ കൂട്ടരെ
നാട്ടിലിന്നു നടക്കുന്ന ക്രൂരത...
നോക്കി നിന്നു ചിരിക്കുവാനായിത്ര
സ്ഥൈര്യം ഊട്ടിഉറപ്പിച്ചതാരിഹ !


എങ്ങു നിന്നോ മെനയുന്ന തന്ത്രത്താൽ
വന്നണഞ്ഞൊരു പൊയ്മുഖ ധാരിയാൽ
വന്നണഞ്ഞൊരു ദുസ്ഥിതിയോർത്തെൻറെ
ആത്മാവഗ്നിയാൽ വെന്തു നീറീടുന്നു.

കാട്ടു കള്ളൻമ്മാർ നാടുഭരിക്കവേ
കൂട്ടുകള്ളൻമ്മാർ കോട്ട തകർക്കുന്നു
കൂട്ടരാരും തുണയേതുമതില്ലാത്ത
കൂട്ടരെവേട്ടയാടുന്നു നിർദയം.

നാട്ടിലന്തിയിൽ ആർത്തട്ടഹാസങ്ങൾ
എങ്ങും ഭീതിഭയനൃത്തമേളനം
കൊണ്ടുപോകുന്നു പണ്ഡങ്ങൾതുട്ടുകൾ
കണ്ടുഞെട്ടിത്തരിക്കും ജനമിഹം.

എന്നുചൊല്ലിയീ ക്രൂരത കാട്ടുമോ
കട്ടു തിന്നുന്നതെല്ലാം ദളിതരോ
കൊണ്ടുപോകുമോ കാലങ്ങൾ പിന്നിലെ
കൊട്ട സംസ്കാരശൂന്യമാം വേദിയിൽ

ഇന്നു പുത്തൻ നവോത്ഥാന വീഥിയിൽ
പൊൻ തിരിനാളംനീളെ,യൊരുക്കുവാൻ
നവ്യചൈതന്യമൊത്തുചേർന്നീടവേ
ഇട്ടു തല്ലിയുടയ്ക്കാൻ തിടുക്കമോ.

നാടു നീളെ ദളിതിൻ യുവതയെ വട്ടമിട്ട്
ചതയ്ക്കും കിരാതരേ ഒന്നുചൊല്ലുമോ
മർക്കട മുഷ്ടീക്ക ആരു കപ്പം കൊടൂന്നു
പൊൻ പണം നാണമില്ലാ കറുത്ത കരങ്ങളാൽ.

കൂരിരുട്ടിലെ പൊയ്മുഖക്കോലങ്ങൾ
ചിട്ടയിട്ട നടനത്തിൻ വേഷമോ
മണ്ണിൻ മക്കളെ മാനം കെടുത്തുവാൻ
കൂട്ടുചേർന്നങ്ങ് കൈകൊട്ടി പാടുന്നു.

കാണുവാൻ കണ്ണ് ഇല്ലാതെപോകിലും
കാതുകൾപൊത്തി നീഒളിച്ചീടിലും
ചാക്കിൽകെട്ടി അടിച്ചുടച്ചീടിലും
നീയമപാലകർ കൂട്ടികൊടിക്കിലും

തച്ചുടയ്ക്കുവാനാകാത്ത ശോഭയും
ഉൾക്കരുത്തും തുണയുണ്ടതോർക്കണം
ഒാർത്തെടുക്കുകിൽ പിൻതിരിഞ്ഞോടിടും
നിന്നമ്മേദ്യം വഴിനീളെ വീണിടും.

മുട്ടിപ്പുല്ല് കിളിർപ്പിച്ച കാലവും
കല്ലുമാല പറിച്ചൊരുകാലവും
വില്ലുവണ്ടിയുരുണ്ടൊരു പാതയും
മുട്ടുകാലിൻറ അട്ടഹാസങ്ങളും

ഒക്കെ നെഞ്ചിലൊളിപ്പിച്ച വീര്യങ്ങൾ
ഉണ്ട് മണ്ണിൻറെ പൊൻമണിമാറിലായ്.
ഒന്നുനിങ്ങൾ അറിയേണം കൂട്ടരെ
കേട്ടുകേൾവിയതെല്ലാം പൊളിക്കഥ

കണ്ടതെല്ലാം ചമച്ചൊരു നാടകം
നാഥനില്ലാക്കളരിതന്നുത്സവം.
ഒത്തുകൂടീടു കൈകൊടുത്തീടു നീ
മണ്ണിൻമക്കളെ നെഞ്ചോടു് ചേർത്തിടു !!!

No comments:

Post a Comment