Tuesday, January 27, 2015

അമ്മുവും ചേട്ടനും - Suja Udayakumar

അമ്മുവും ചേട്ടനും
------------------------------

അടുക്കളയിലോടിയെത്തിയമ്മയെ
വട്ടം പിടിച്ച് കണ്ണിമയ്ക്കാതെ നോക്കുന്ന
തനയയോടമ്മ ചോദിച്ചു ഉച്ചത്തില്‍...
"മുറ്റമടിച്ചുവാരിക്കഴിഞ്ഞോ പെണ്ണേ നീ ?"....



കണ്‍കളടച്ചാംഗ്യഭാഷയിലില്ലെന്ന
സൂചന നല്കിയമ്മു പിടിവിടാതെ
നീട്ടിയാക്കൈകള്‍ ദോശയൊന്നെടുക്കുവാ
നമ്മയ്ക്കു ഹ്യദ്യമാം ചിരിയൊന്നു നല്കി....

പെണ്ണായ്പ്പിറന്നവരെല്ലാം മുറ്റമടിക്കണ
മെന്നച്ഛമ്മയെന്നെ ശകാരിച്ചു പ‍ക്ഷേ
ചേട്ടന്‍ ഓടിക്കളിക്കുന്നങ്കണത്തില്‍
ഏകില്ലയാരും ശകാരമവനു മാത്രം....

അമ്മയ്ക്കിന്നാരെയേറെയിഷ്ടം
ചേട്ടനെയാണെന്നെനിക്കറിയാം
ഇല്ലിവിടാരും എന്‍ തുണയ്ക്കായ്
വിങ്ങിവിതുമ്പിക്കരച്ചിലായമ്മു ....

കോരിയെടുത്തമ്മ മാറോടു ചേര്‍ത്തു
ചുംബനപ്പൂമഴയില്‍ക്കുതിര്‍ത്തൂ
അമ്മുവിനോടായ് ഞാനൊരു ചോദ്യം
ചോദിക്കാമേകണം ക്യത്യമായുത്തരം...

നിന്‍ മിഴിപ്പൂക്കളിലേറ്റം മനോഹര
മേതെന്നു ചൊല്ലണം നീയതിശീഘ്രം
ഈമുഖകര്‍ണ്ണങ്ങളിലമ്മുവിനിഷ്ട
മേതെന്നു കാട്ടിത്തരണമീ നിമിഷം...

ഏറെവലയ്ക്കുന്നീ ചോദ്യമെന്നെ
രണ്ടുമിഴികളുമെനിക്കൊരുപോല്‍ പ്രിയം
കാതുകള്‍ രണ്ടിലേതെന്നു കാട്ടുവാന്‍
കഴിയുന്നില്ലെനിയ്ക്കയ്യോ കുഴഞ്ഞുവല്ലോ....

നീയുംമനസ്സില്‍നിറയ്ക്കണമീയുത്തരം
അമ്മുവും ചേട്ടനും അമ്മയ്ക്കൊരുപോല്‍
എന്‍രണ്ടു കണ്ണുകള്‍ കാതുകള്‍ പോലെ നിങ്ങള്‍
വ്യത്യാസംകാട്ടുവാനാവില്ലീയമ്മയ്ക്കൊരിക്കലും....

കെട്ടിപ്പിടിച്ചങ്ങ് മുത്തങ്ങളേകി ചിരിച്ചമ്മു
കണ്ണീര്‍തുടച്ചമ്മതന്‍ മാറില്‍ വീണ്ടും
ഓടിയിറങ്ങി ചൂലുമായ് വെളിയില്‍
മുറ്റമടിക്കുവാന്‍ തുടങ്ങി വേഗത്തില്‍.... !!

No comments:

Post a Comment