Wednesday, January 28, 2015

എന്റെ - Beena Atl

എന്റെ
---------------------
എന്റെ-
ജന്നല്‍കാഴ്ചകള്‍ സന്ദേശമേകി
കുന്നിമണിബാല്യം തിരികെ തരാമെന്ന്...
മണ്‍പാതകള്‍ ചിരിച്ചു മയക്കി
നന്മയുടെ മുല്ലമൊട്ടുകള്‍ പൊഴിച്ചിടാമെന്നു......
ആടിയുലഞ്ഞ പൂമരകൊമ്പും മാടി വിളിച്ചു
ചേര്‍ത്തു പിടിച്ചൊന്ന് കൊഞ്ചിക്കാമെന്ന്...
നിഴല്‍ വീണ ഇടവഴികള്‍ വിതുമ്പി പറഞ്ഞു
എന്‍റെ കാല്‍പ്പാടുകള്‍ തേടിയെടുക്കാമെന്ന്...
വഴിയോര കുടിലിലെ കൈ നോട്ടക്കാരിയെത്തി നോക്കി
ഭാവി പറയാനിനിയും ബാക്കിയെന്നു..
ശാഖകള്‍ ദ്രവിചൊരാ തൊടിയിലെ പുളിമരം വിറച്ചു നിന്നു
ഹൃത്തടം വല്ലാതെ വിങ്ങി പഴുത്തെന്നു...
എന്‍റെ-
തോന്നലുകള്‍ തോന്ന്യാക്ഷരങ്ങളായതിവിടെയാണെന്നു...
പ്രണയം താന്തോന്നിയായതിവിടെയാണെന്ന്....
ഒടുവിലൊരു മഴത്തുള്ളി വന്നെന്നെ തൊട്ടുണര്‍ത്തി
ഓടിയൊളിച്ചാല്‍ നനക്കാതിരിക്കാമെന്ന്...
ഓര്‍മ വഴികളില്‍ ഞാന്‍ തനിച്ചാണെന്ന്...

No comments:

Post a Comment