Wednesday, January 28, 2015

കാപ്സ്യുൾ കവിതകൾ - ജംഷി , സുരേഷ് ജി , പാവം ഫക്കീർ, ടി.എന്‍.ഹരി, സുധീപ് , ബിന്ദു ഗോപൻ


=======================================================================
വെറുതെ
```````````````
ഓരോ വണ്ടിക്കു പുറകെയും
കരിയിലകൾ ഓടുന്നത്
ദേശാന്തരങ്ങൾ തണ്ടാനല്ല....
പ്രിയപ്പെട്ടവരാരോ തിരിച്ചു പോകുന്നതിന്റെ
അടങ്ങിയിരിക്കാത്ത പിടച്ചിലാണത്...!!

{ ജംഷി }
=======================================================================
ശിക്ഷ
````````````
പ്രണയ കേസിൽ
 മരണം വരെ തൂക്കിലേറ്റുന്നതിനേക്കാൾ,
ഹൃദയഭിത്തികൾ കൊണ്ട് നിന്നെ
ജീവപര്യന്തം ഞെരിക്കാനാണ്
 എനിക്കിഷ്ട്ടം...!!
{ ജംഷി }
=======================================================================


ഓർമ്മകൾ
`````````````````
നിനക്ക് നഷ്ട്ടമായതും,
ഞാൻ കണ്ടെടുത്തു സൂക്ഷിക്കുന്നതും...!!

 { ജംഷി }
=======================================================================
മണം
``````````
ഉപ്പുവെള്ളത്തിലൂടെ
അക്കരെയ്ക്കും ഇക്കരെയ്ക്കും ഒഴുകിയൊഴുകി
തുരുമ്പെടുത്തു തീരത്തടിയുന്നതുവരെ
എന്റെ ഉപ്പാകും
അത്തറിന്റെയും വാസന സോപ്പിന്റെയും
 മണമുണ്ടായിരുന്നു...!!
 { ജംഷി }
=======================================================================
നരക്കും മുന്നേ മരിച്ചിടട്ടെ...
വൃദ്ധസദനത്തിൻ ചുവരുകൾക്ക്
ഖബറിനേക്കാൾ ഇറുക്കമാണ്...!!

 { ജംഷി }

=======================================================================

നിന്റെ വേർപാടാണ്
 എന്നെയീ കുഴിയിലൊതുക്കിയതെന്ന്,
മഴയോട് പുഴ...!!
 { ജംഷി }

=======================================================================
വൃദ്ധസദനങ്ങൾ

````````````````````````````
വലിച്ചെറിയപ്പെട്ട
 നിധികൾ സൂക്ഷിക്കുന്ന
 ആക്രിക്കടകൾ...!!

{ ജംഷി }

=======================================================================

പാർശ്വഫലം
`````````````````````
മാറിക്കഴിച്ച മരുന്ന് പോലെ
 പ്രണയവും അകത്ത് ചെന്നപ്പോൾ
 പാർശ്വഫലങ്ങളാണ് തന്നത്.
പ്രതിരോധനത്തിന്റെ
 അൽപം ശക്തി ബാക്കിയുള്ളതിനാൽ
 ഒരു ദുരന്തം ഒഴിവായെന്നു മാത്രം..
 .
 .
എങ്കിലും,
കണ്ണിനെയും
 കരളിനെയും
 അത് വല്ലാതെ കേടു വരുത്തിയിട്ടുണ്ട്...!!

{ ജംഷി }
=======================================================================

വെറുതെ
```````````````
ഓരോ വണ്ടിക്കു പുറകെയും
 കരിയിലകൾ ഓടുന്നത്
 ദേശാന്തരങ്ങൾ തണ്ടാനല്ല.
പ്രിയപ്പെട്ടവരാരോ തിരിച്ചു പോകുന്നതിന്റെ
 അടങ്ങിയിരിക്കാത്ത പിടച്ചിലാണത്...!!

{ ജംഷി }
=======================================================================

ഒരേ കുടക്കീഴിൽ നമുക്ക് നിൽക്കാം.
നീ നനയാതിരിക്കാൻ ഞാനും...
ഞാൻ നനയാതിരിക്കാൻ നീയും ശ്രദ്ധിക്കുമെങ്കിൽ..!
 { ജംഷി }
=======================================================================

ഓരോ ഉച്ച്വാസവും
അത്ഭുതപ്പെടുന്നു
ലഹരി പൂക്കാതെ
തരിച്ചിരിക്കുമ്പോളും
പുകയുരുട്ടി എറിയുവാൻ
ചുണ്ടുകൾ തയ്യാറാണ്
തണുപ്പുറഞ്ഞ
പെട്ടിയിലേക്കു
ഊളിയിട്ടിറങ്ങുവാൻ
ദേഹി തിടുക്കത്തിലാണ് !!!

{പാവം ഫക്കീർ }
=======================================================================

അമ്മതന്‍ ഉമ്മ മാധുര്യമെന്‍ കാമുകനില്‍
കണ്ടതവന്‍റെ അന്ത്യചുംബനത്തില്‍ മാത്രം

{സുരേഷ് ജി  }
=======================================================================
ഞാനെന്‍ സ്വകാര്യതയില്‍
വിരക്തമാമേതോ നിമിഷങ്ങളില്‍
നിന്നെയോര്‍ക്കുന്നു സഖേ
നാമൊന്നായ് പിന്നിട്ടപാതകള്‍
നെയ്ത സ്വപ്നങ്ങള്‍...
അതുമതി ഇന്നീ ജീവിതം സഫലം

{സുരേഷ് ജി  }
=======================================================================
വൈകിവന്നാ..
വസന്തം
വിടരാന്‍കൊതിച്ചെന്‍
മോവിനെ
തഴുകിടാഞ്ഞതെന്തെ ?...
ഇനിയും !

{ടി.എന്‍.ഹരി}
=======================================================================
മാന്തളിർത്തുണ്ടു പോൽ ഹൃദ്യമാം കൈവിരൽ
പുൽകിക്കിടക്കുമീ
മോതിര മലരുപോൽ രമ്യമാം വീണയിൽ
ദീർ ഘങ്ങളാം വിരലുകൾ തഴുകുന്നവീണകാൺകെ
ഉള്ളം കൊതിക്കാറുണ്ടൊരു- മണിവീണയാകുവാൻ
വീണയിൽ നിന്നുയരു-...
മംഗുലീയതാളത്തിനകമ്പടിയാകമീ സപ്തസ്വരധാരയാകുവാൻ...

{സുധീപ് }

=======================================================================

ഞെട്ടില്ലാ പൂവുപോൽ ആകാശ കോണിൽ
അർക്കനെ കണ്ടനുരാഗിയായാം
കന്യതൻ കരവലയത്തിൽ
കണ്മിഴിചിളകി ചിരിച്ച കുരുന്നിനെ
കണ്ടവളിൽ നിരഞ്ഞ ഉൽച്ചൂടിൽ...
സൂര്യനു പോലും പ്രഭ ഒടുങ്ങിപോയി

{ബിന്ദു ഗോപൻ }


നാട്ടിൻപുറത്തെ വീട് - Suresh Kumar G

നാട്ടിൻപുറത്തെ വീട്
-------------------------------
കുറച്ചു നാൾ കൂടി
കടന്നു ചെല്ലുന്പോൾ
തളർന്ന കണ്ണുകൾ...
തുറന്നു നോക്കുന്നു


ജനലും വാതിലും
തുറന്നു കേറുന്പോൾ
നവോഢയെപ്പോലെ
ചിരി പരത്തുന്നു

തൊടിയിലും നട
വഴിയിലും വീണു
കിടക്കുമോർമകൾ
പെറുക്കിക്കൂട്ടുന്പോൾ

പരാതിയേതാണ്ടോ
പറയുവാനാവാം
പതുക്കെയാ നെല്ലി
ത്തലപ്പു ചായുന്നു

വളപ്പിലൂടൊരാൾ
ഇഴഞ്ഞു നീങ്ങുന്നു
ചിലച്ചു കൊണ്ടൊരാൾ
പടർപ്പിൽ മായുന്നു

അകത്തെ മാറാല
യടിച്ചു നീക്കുന്പോൾ
തണുത്ത കാറ്റൊന്നു
തഴുകിപ്പോവുന്നു

തിരികെ വന്നെന്നു
കരുതിയിട്ടാവാം
വെളിയിലോ കിളി
കുലം തിമിർക്കുന്നു

അടഞ്ഞ വാതലിൻ
പുറകിൽ നിന്നാരോ
നടന്നു പോയ പോൽ
ഭ്രമവുമായിടാം....!

ഇവിടെ ജീവിച്ചു
മരിച്ചു പോയവർ
ഇവിടം വിട്ടു മ-
-റ്റെവിടെ പോകുവാൻ?

പതിവു പോലെന്നും
മടങ്ങുവാൻ നേരം
കതകിൻ പാളികൾ
പിണങ്ങി നിൽക്കുന്നു

ബലമായ് ചേർത്തട-
ച്ചിറങ്ങാൻ നോക്കവേ
വിളിച്ചതായ് തോന്നീ
പിറകിൽ നിന്നാരോ.....!

കേഴുക നാടെ -Gopikrishnan Velinalloor's


കർമ്മം യുദ്ധം ചെയ്യുന്‌നു കർമ്മത്തോട് - Maju Maniyan Nedumudy

കർമ്മം യുദ്ധം ചെയ്യുന്‌നു കർമ്മത്തോട്
---------------------------------------------------------------------
പിടഞ്ഞുവീടണുപോം നൊമ്പരവുംപേറി
നിവർ്ന്നു നിൽക്കുവാനാകാതെയുമഹ !...
കിതച്ചും വിറച്ചും ചിന്തകളെ
പുൽകി നിറഞ്ഞകണ്ണുകൾ തുളിമ്പിടാതെ
നിലവിളിയമർത്തി നെടുവീർപ്പായ്
കുറിക്കിയെൻ സതീർത്ഥ്യൻ നിന്നു വിവശ്ശനായി


നിശീഥമുണർന്നു പരിലസിച്ചിടും മനവും
മിഴികളും ഇടറിയാടുന്ന കിനാവിൻറെ ചില്ലയും
ഒക്കെയും ,ചീന്തിയെറിയുമാറുള്ളൊരു
ഗദ്ഗദംകേട്ടു ഞാൻ ഞെട്ടി ഉണർന്നുപോയ്.

വമനാലസ്യ പരവശനായൊരെൻ
സഹവാസി സോദരൻ നിന്നുഴറീടവേ
കർത്തവ്യബോധം ക്ഷയിച്ചൊട്ടു നേരമെൻ
ചിന്തയിൽ ആർത്തനാദം മുഴങ്ങിടേ
കർമ്മത്വരിതനായ് പാഞ്ഞടുത്തങ്ങുഞാൻ
നെഞ്ചോടു ചേർത്തങ്ങിരുകരങ്ങളാൽ
ആശ്വാസമേകി തഴുകിത്തലോടിയാ
ആതുരനെതാങ്ങിനിർത്തിയെൻ ശക്തിയാൽ

ദീനംകടുത്തുതളർന്നു പോയ് സ്നേഹിതൻ
പാരം വിവശനായ് തേങ്ങി വ്യഥാഭരം
ഓത്തുകൂടി ചൂറ്റും മറ്റൂള്ള സ്നേഹിതർ
ആതുരാലയത്തിലേയ്ക്കൊപ്പം ഗമിച്ചിടാൻ
മൂന്നുപേർ ഞങ്ങൾ മനോഭാരം പേറി
രോഗിതൻ കൂട്ടായനുഗമിച്ചു

ഇന്നലെ ഞാൻ ചെയ്ത കാരുണ്യ വേലയ്ക്കു
പര്യവേക്ഷകൻ നല്ല ശിക്ഷ വിധിക്കുന്നു!
ഇന്നു തൻ തൊഴിൽ വേദിവെടിയുകിൽ
തത്ഫലംകാഠിന്യ,മൊന്നറിക !
പ്രാണൻ പിടയുന്ന കാഴ്ചമറച്ചു തൻ
കർമ്മപഥം പൂകിയങ്ങാടുവാനാകുമോ.
നിങ്ങൾ പറയുക കൂട്ടരെ നിഷ്പക്ഷം
ഞാൻചെയ്ത കർമ്മത്തിൻ തെറ്റും ശരികളും.

അധികാര വർഗ്ഗത്തിൻ ക്രൂരമാം ദണ്ഡനം
ഏറ്റുവാങ്ങി ശിരസ്സറ്റുവീഴ്കിൽ
ഇല്ലതെല്ലും നിരാശയും നൊമ്പരം
എന്നിലെ എന്നെ അറിഞ്ഞൊരീ,രാപകൽ.

ഒട്ടുംമനസാക്ഷിയില്ലാത്ത മാമല
നാട്ടിൽ പിറന്നദയാഹീനരാൽ
രോഗിയും വേലയ്ക്കായ് പോകുവാൻ
നിർദയം ചട്ടംചൊല്ലി ആജ്ഞ ആശുവന്നു.
ഉദരപീഡ പിന്നെകാലുവലി ഛർദ്ദി ഗാത്രമഖിലം
നുറുങ്ങുന്ന വേദന എല്ലാം സഹിച്ചവനൊന്നും
പറയാതെ തൻകർമ്മഭൂവിൽ ലയിച്ചിടവേ
ഞാനെൻറെ കട്ടിലിൽ മൂകനായ് തേടുന്നു
കർമ്മയുദ്ധത്തിലെ ധർമ്മബോധം.
(പാവം പ്രവാസിക്കു ഇന്നലെരാത്രി സംഭവിച്ച ദുരവസ്ത്ഥ )

വാർദ്ധക്യമാണ് എൻ മനം നിറയെ ! - Ajitha Anil

വാർദ്ധക്യമാണ് എൻ മനം നിറയെ !
----------------------------------------------------

വാർദ്ധക്യമാണ് എൻ മനം നിറയെ !
കിനാക്കളൊ രൊന്നും അലഞ്ഞു നടക്കുന്നു
തെരുവീ ഥിയിലൂടെ . .
ഓടിമറയുന്നു ജീവിതതാളുകളിൽ നിന്ന്
ആവർത്തനത്തിന്റെ തണലിൽ പെർക്കുന്നില്ല -...
എന്നിലെ ഇന്നലെകളെ . .
അസ്തമിക്കുന്ന ഓരോ പകലിനോടും വിട -
പറയുവാൻ എന്തൊരു ഇമ്പമാണ ന്നോ .
എന്റെ സിരകളിൽ നീ എന്ന് ചെക്കേറിയോ -
അന്നു തുടങ്ങി കാത്തിരിപ്പും . .
ഏകയല്ല ഒരു ജനതയുണ്ട് എന്നൊടൊപ്പം -
ഒരു ഉറക്കം ഒരു ഉണർവ് -കുറെ കാഴ്ചകൾ
ചിത്രം വരയ്ക്കുവാൻ നേരമില്ല .
ഒതുക്കി വയ്ക്കണം ,എല്ലാം ഒന്ന് നേരെയാക്കണം
മൃത്യവിലെക്കുള്ള് ദൂരം കുറിക്കപ്പെടുന്നുണ്ട് .
വർത്തമാനം ,ഭൂതം ,ഭാവി ഒന്നുമില്ല -
കുറെ ശബ്ദങ്ങൾ മാത്രമാണെന്റെ ലോകം .
ഒരുപിടി ഓർമ്മകൾ നെയ്തെടുത്തു ഹൃദയത്തിൽ -
ചേർത്ത് വയ്ക്കണം .
ഓർക്കുവാൻ . . . ഓമനിക്കുവാൻ . .

സൂര്യമാനസം - Gopikrishnan Velinalloor's


നടന്നുകൊൾക - Bushra Jabbar

നടന്നുകൊൾക
-------------------------

നടന്നുകൊൾക
കാത്തുനിന്നീടുകിൽ
ഇരുണ്ടുപോകുമീ
പാത നമുക്കു മുന്നിൽ
...
ഈ വട്ടമൊരു
കറുത്തമഷിയായ്
പടരാതിരിക്കാ൯
നിന്‍റെ മിഴികൾ
നനയാതിരിക്കട്ടെ
നീ വിതച്ചിട്ടു ഞാ൯
കൊയ്തു പോയ
നോവുകൾക്ക്
ഉപ്പുരസമേറി
യതെന്നെ
സ്നേഹംവിലയിട്ടെ
ടുത്തു പോയ്
ഇനിയും,
നിന്‍റെ പി൯വിളിയിൽ
ഈ കരസ്പ൪ശം
നൽകാതെ മടങ്ങുന്നു,
ഇനി നീപുന൪ജ്ജനിയ്ക്ക
നടന്നുകൊൾക
ഞാ൯ വിതച്ചിട്ട
നോവുകൾ കൊയ്ത്
ശപിക്കാതെ
പിറക്കട്ടെ
ഇനിയൊരു നാളെ..
നിനക്കായ്..

എന്റെ - Beena Atl

എന്റെ
---------------------
എന്റെ-
ജന്നല്‍കാഴ്ചകള്‍ സന്ദേശമേകി
കുന്നിമണിബാല്യം തിരികെ തരാമെന്ന്...
മണ്‍പാതകള്‍ ചിരിച്ചു മയക്കി
നന്മയുടെ മുല്ലമൊട്ടുകള്‍ പൊഴിച്ചിടാമെന്നു......
ആടിയുലഞ്ഞ പൂമരകൊമ്പും മാടി വിളിച്ചു
ചേര്‍ത്തു പിടിച്ചൊന്ന് കൊഞ്ചിക്കാമെന്ന്...
നിഴല്‍ വീണ ഇടവഴികള്‍ വിതുമ്പി പറഞ്ഞു
എന്‍റെ കാല്‍പ്പാടുകള്‍ തേടിയെടുക്കാമെന്ന്...
വഴിയോര കുടിലിലെ കൈ നോട്ടക്കാരിയെത്തി നോക്കി
ഭാവി പറയാനിനിയും ബാക്കിയെന്നു..
ശാഖകള്‍ ദ്രവിചൊരാ തൊടിയിലെ പുളിമരം വിറച്ചു നിന്നു
ഹൃത്തടം വല്ലാതെ വിങ്ങി പഴുത്തെന്നു...
എന്‍റെ-
തോന്നലുകള്‍ തോന്ന്യാക്ഷരങ്ങളായതിവിടെയാണെന്നു...
പ്രണയം താന്തോന്നിയായതിവിടെയാണെന്ന്....
ഒടുവിലൊരു മഴത്തുള്ളി വന്നെന്നെ തൊട്ടുണര്‍ത്തി
ഓടിയൊളിച്ചാല്‍ നനക്കാതിരിക്കാമെന്ന്...
ഓര്‍മ വഴികളില്‍ ഞാന്‍ തനിച്ചാണെന്ന്...

എന്റെ കൃഷി - Vijaykrishna Gopal

എന്റെ കൃഷി
---------------------
ഒരു തുണ്ടു കൃഷിഭൂമിയുണ്ടെനിക്കായതിൽ
ഇരുപൂ വിളയിക്കാമാണ്ടുതോറും!

കണ്ടം കിളച്ചു പരുവപ്പെടുത്തിയും
കണ്ടചവറൊക്കെ വാരിയിട്ടും

നന്നായുണങ്ങിയ ചാണകം ചേർത്തുമാ
നെൽവയൽ ഞങ്ങളൊരുക്കിവയ്ക്കും.

‘തെങ്ങോലത്തൊട്ടി’യതുണ്ടാക്കി, കൂവതൻ-
നല്ലില പാകി ഹാ വിത്തുകെട്ടി

വെള്ളത്തിൽ മുക്കിയെടുക്കുന്നു, രണ്ടുനാൾ
വെള്ളിമുളവരാൻ കാത്തുവയ്ക്കും!

നീണ്ടു വളർന്നു തുടങ്ങുമ്പോൾ പിന്നെയാ
കണ്ടത്തിൽ നീളെ വിതയ്ക്കും ഞങ്ങൾ

ഒട്ടുനാൾ ചെല്ലുമ്പോൾ പച്ചയുടുത്തവ-
യൊട്ടിനിന്നങ്ങൊരു നൃത്തമാടും!

കൃത്യമായ് പാടം നനയ്ക്കണമെന്നല്ല
നിത്യവും ചാഴിയെ നീക്കിടേണം

വിളവുകൾ നന്നാവാൻ പാടത്തുള്ള പാഴ്-
ക്കളകളൊക്കെക്കളകവേണം

ഞാറായാൽ മെല്ലെപ്പറിച്ചു നിരത്തിടും
ജോറായവയും തഴച്ചുപൊങ്ങും!

പിന്നെത്തിരമാലപോലവെ കാറ്റേറ്റു
പച്ചക്കടലായങ്ങാടി നിൽക്കും!

ഞാനതിൽ മാനസ തോണിതുഴഞ്ഞിടും
ഞാനതു മെല്ലെത്തലോടി നിൽക്കും!

നൽക്കതിർ പൊട്ടിമുളയ്ക്കവേ പാലോലും
നെൽക്കുരുന്നൊന്നു രുചിച്ചു നോക്കും

കാലക്രമത്തിലാ നെൽക്കതിരെല്ലാമേ
പൊൽക്കതിരായി വിളഞ്ഞു നിൽക്കും !

മോഡൽ - പാവം ഫക്കീർ

മോഡൽ
______
പോസ്റ്റർ സുന്ദരി
എത്ര വേഗമെൻ ...
മനം കവർന്നു !

അത്ഭുതം തോന്നുന്നു
സ്വപ്നജോലി
കണ്ടെത്തിയവൾ
ആവർത്തന
വിരസതയോടെ
ചമഞ്ഞു ,വിളറി
ചത്തു മരവിച്ചു
എത്രയോ
മണിക്കൂറുകൾ
അടിമയായിനിന്നിരിക്കും .
അവൾ
തണുക്കുമ്പോൾ
ജനങ്ങൾ
ഹൊട്ടായിക്കൊണ്ടേയിരിക്കുന്നു !

ഞാൻ - എന്നിൽ - Aami Krishna

ഞാൻ - എന്നിൽ
-------------------------

എന്റെ നിദ്രകളില്‍ നീയും നിറങ്ങളും ....
എന്റെ സ്വപ്നത്തിന്റെ നിറങ്ങള്‍ ......
നിറങ്ങളാല്‍ വാക്കുകള്‍ ....
എന്റെ കവിതകള്‍ , എന്റെ സ്വപ്‌നങ്ങള്‍ ....
എന്റെ സ്വപ്നങ്ങളില്‍ നിന്റെ കണ്ണുകള്‍ .......
ആഴ്ന്നിറങ്ങുന്ന നിന്റെ നോട്ടം ...
കണ്ണില്‍ നിന്നും ഹൃദയത്തിലൂടെ
മെല്ലെ എന്‍ സിരകളില്‍ എത്തുന്നു ....
തണുത്തുറഞ്ഞ എന്റെ സിരകളില്‍
സ്നേഹത്തിന്റെ നാളം കൊളുത്തുന്നു ......
എന്റെ രാത്രികളില്‍ നിനക്കായ് ഒരു
നിലാവിന്റെ കുളിരൊരുക്കി ഞാന്‍ .....
മാറില്‍ തലചായ്ചിരുന്നു
നിന്‍ സ്നേഹത്തിന്‍
മിടിപ്പുകള്‍ കേട്ടു ഞാന്‍ ....
ഞരമ്പുകള്‍ പോല്‍ പിണഞ്ഞ കൈകളിലെ
ചൂടറിഞ്ഞു നാം ....
എന്റെ കണ്ണീരൊപ്പി
കവിള്‍ത്തടം തലോടി
നീയെന്‍ മുടിയൊതുക്കി ...
വിരയാര്‍ന്നോരെന്നധരം
നിന്റെ ആത്മാവിലലിഞ്ഞു ആ നിമിഷം ....
അവിടെ, സ്വപ്‌നങ്ങള്‍,
നിദ്രയെ കൈവിട്ട് അകലുകയായ് ....
മനസ്സിന്റെ നിദ്രകളെ വരവേല്‍ക്കാന്‍ ,
പുതിയ സ്വപ്നങ്ങളുമായ്‌
നീയെത്തുന്നതും കാത്ത്,
നിനക്കായ്‌ പെയ്തു നിറയാന്‍
ഇനിയുമേറെ സ്നേഹ വര്‍ഷങ്ങള്‍
കാത്തിരിക്കുന്നു എന്നില്‍ .......

മലയാളത്തി - Gopikrishnan Velinalloor


Tuesday, January 27, 2015

പച്ച - Dijin K Devaraj

"പച്ച"
-----------------------------
പുസ്തകത്താളിലെ
ആദ്യ പാഠം ചൊല്ലി
പച്ചവിരിപ്പിട്ട സ്വർഗ്ഗമീ ഭൂമി
...
ഇലകള്‍ക്കു നിറം പച്ച
മഷിത്തണ്ടിനു നിറം പച്ച
പുല്ലു പച്ച പുൽച്ചാടിയും പച്ച
പയർ പച്ച പനം തത്തയും പച്ച
കായ് പച്ച കാടുപച്ച പിന്നെ
കണ്ടതൊക്കെയും പച്ച
ലോകമേ നിൻ
പച്ചപ്പുതപ്പെവിടെ
ഞാനിന്നു കണ്ടില്ല
ഇന്നില മഞ്ഞ മനം മഞ്ഞ
പിന്നെ കണ്ടൊരു കൊടിപച്ച
വെളളയിൽ രണ്ടില പച്ച
അറുത്തു വിൽക്കും
മനുജ മാംസവും പച്ച
ഇന്നു ചുണ്ടിലും വണ്ടിയിലും ചുവരിലും പെയിന്റു പച്ച
വിലപ്പനച്ചരക്കായ് കുറേ
വിഷം വെച്ച പച്ച..
പച്ച വെളളത്തിനും
പണം കേള്‍ക്കുമീ നാട്ടിൽ
പച്ച എന്തെന്നറിയുവാൻ മോഹം"

മുഖം മൂടിക്കും കൂട്ടുകാർക്കും - Maju Maniyan Nedumudy

മുഖം മൂടിക്കും കൂട്ടുകാർക്കും
---------------------------------------------------
കണ്ടുവോ നിങ്ങൾ കേട്ടുവോ കൂട്ടരെ
നാട്ടിലിന്നു നടക്കുന്ന ക്രൂരത...
നോക്കി നിന്നു ചിരിക്കുവാനായിത്ര
സ്ഥൈര്യം ഊട്ടിഉറപ്പിച്ചതാരിഹ !


എങ്ങു നിന്നോ മെനയുന്ന തന്ത്രത്താൽ
വന്നണഞ്ഞൊരു പൊയ്മുഖ ധാരിയാൽ
വന്നണഞ്ഞൊരു ദുസ്ഥിതിയോർത്തെൻറെ
ആത്മാവഗ്നിയാൽ വെന്തു നീറീടുന്നു.

കാട്ടു കള്ളൻമ്മാർ നാടുഭരിക്കവേ
കൂട്ടുകള്ളൻമ്മാർ കോട്ട തകർക്കുന്നു
കൂട്ടരാരും തുണയേതുമതില്ലാത്ത
കൂട്ടരെവേട്ടയാടുന്നു നിർദയം.

നാട്ടിലന്തിയിൽ ആർത്തട്ടഹാസങ്ങൾ
എങ്ങും ഭീതിഭയനൃത്തമേളനം
കൊണ്ടുപോകുന്നു പണ്ഡങ്ങൾതുട്ടുകൾ
കണ്ടുഞെട്ടിത്തരിക്കും ജനമിഹം.

എന്നുചൊല്ലിയീ ക്രൂരത കാട്ടുമോ
കട്ടു തിന്നുന്നതെല്ലാം ദളിതരോ
കൊണ്ടുപോകുമോ കാലങ്ങൾ പിന്നിലെ
കൊട്ട സംസ്കാരശൂന്യമാം വേദിയിൽ

ഇന്നു പുത്തൻ നവോത്ഥാന വീഥിയിൽ
പൊൻ തിരിനാളംനീളെ,യൊരുക്കുവാൻ
നവ്യചൈതന്യമൊത്തുചേർന്നീടവേ
ഇട്ടു തല്ലിയുടയ്ക്കാൻ തിടുക്കമോ.

നാടു നീളെ ദളിതിൻ യുവതയെ വട്ടമിട്ട്
ചതയ്ക്കും കിരാതരേ ഒന്നുചൊല്ലുമോ
മർക്കട മുഷ്ടീക്ക ആരു കപ്പം കൊടൂന്നു
പൊൻ പണം നാണമില്ലാ കറുത്ത കരങ്ങളാൽ.

കൂരിരുട്ടിലെ പൊയ്മുഖക്കോലങ്ങൾ
ചിട്ടയിട്ട നടനത്തിൻ വേഷമോ
മണ്ണിൻ മക്കളെ മാനം കെടുത്തുവാൻ
കൂട്ടുചേർന്നങ്ങ് കൈകൊട്ടി പാടുന്നു.

കാണുവാൻ കണ്ണ് ഇല്ലാതെപോകിലും
കാതുകൾപൊത്തി നീഒളിച്ചീടിലും
ചാക്കിൽകെട്ടി അടിച്ചുടച്ചീടിലും
നീയമപാലകർ കൂട്ടികൊടിക്കിലും

തച്ചുടയ്ക്കുവാനാകാത്ത ശോഭയും
ഉൾക്കരുത്തും തുണയുണ്ടതോർക്കണം
ഒാർത്തെടുക്കുകിൽ പിൻതിരിഞ്ഞോടിടും
നിന്നമ്മേദ്യം വഴിനീളെ വീണിടും.

മുട്ടിപ്പുല്ല് കിളിർപ്പിച്ച കാലവും
കല്ലുമാല പറിച്ചൊരുകാലവും
വില്ലുവണ്ടിയുരുണ്ടൊരു പാതയും
മുട്ടുകാലിൻറ അട്ടഹാസങ്ങളും

ഒക്കെ നെഞ്ചിലൊളിപ്പിച്ച വീര്യങ്ങൾ
ഉണ്ട് മണ്ണിൻറെ പൊൻമണിമാറിലായ്.
ഒന്നുനിങ്ങൾ അറിയേണം കൂട്ടരെ
കേട്ടുകേൾവിയതെല്ലാം പൊളിക്കഥ

കണ്ടതെല്ലാം ചമച്ചൊരു നാടകം
നാഥനില്ലാക്കളരിതന്നുത്സവം.
ഒത്തുകൂടീടു കൈകൊടുത്തീടു നീ
മണ്ണിൻമക്കളെ നെഞ്ചോടു് ചേർത്തിടു !!!

ലഹരി - Dijin K Devaraj

"ലഹരി"
--------------
വിഷമെന്തിനു കുടിപ്പുഞാൻ
വേറെ വഴിയില്ലിതു വെള്ളം
കലർത്തിയൊരെൻ ജീവപാനിയം...
കത്തട്ടെ നെഞ്ചിൻ ഭയക്കാമ്പുകള്‍


വിളിച്ചുചൊല്ലാന്‍ ഭയമതില്ല
വിഷമില്ലാത്തതൊന്നും
വിലക്കിന്നു കിട്ടില്ല നേരും
നെറിവുമിന്നില്ല വിൽകുന്നു വിഷം

വിലയ്ക്കുവെച്ചൊരാ ചമയങ്ങളില്‍
വിഷവിത്തുചേർത്തു വിലപേശ്ശി
അറുക്കാതെ വിലക്കെടുക്കുന്ന
രാമാംസ ലഹരിയതു മനുഷ്യവിഷം

കറവവറ്റിയ നാൽക്കാലിയെ
അറവുശ്ശാലക്കു വിൽക്കുന്നപോല്‍
ഉയിരുറവകള്‍ വറ്റിച്ചു കത്രിക
മുനത്തുമ്പിലൊടുങ്ങുന്ന ഭ്രൂണം

ഇതിലൊന്നും വിഷമില്ലേ?
പണക്കിഴികളെറിഞ്ഞാല്‍
വിലപറഞ്ഞെടുക്കാമീ മനുഷ്യ
ക്കരിഞ്ചന്തയിലേതു വയറും

സത്യമിന്നു കാഴ്ച്ചയിൽ
വിഷക്കനി ജരാനരപിടി
ച്ചലയുന്ന യുവചിന്തകള്‍
കച്ചവടപ്പുകയൂതി കറുപ്പിച്ച്

വിലയേറ്റി വിൽക്കാൻ മരുന്നുകള്‍
ചതികാട്ടി രോഗമവർതന്നെ
പടർത്തുന്നു മരുന്നുചീട്ടുമെഴുതി
മരണകാഹളം മുഴക്കുന്നു

പിന്നെയും ശുദ്ധമീ ലഹരി
ഇതിൽ വിഷമുണ്ടെങ്കിലും
ചതിക്കില്ല ചങ്കുതുളക്കില്ല
ലയനം വിലാപങ്ങളല്‍പ്പനേരം !!!

ചുടലഭദ്രകാളി....! - Radheshyam Radhakrishnan

ചുടലഭദ്രകാളി....!
-----------------------
രക്തവര്‍ണ്ണാങ്കിതഘോരമാംകൂന്തലും
ലോകം നടുക്കിടുമട്ടഹാസങ്ങളും
ക്രൂരനേത്രത്തിലെ തീപ്പൊരിപ്പാറലും...
ചുടലയിലാടിടും നടനഭാവങ്ങളും


തൂങ്ങുന്നതലയോട്ടിമാലതന്‍ കണ്ണില്‍
ചുറ്റിപ്പിടക്ക്യുന്ന കരിനാഗക്കൂട്ടവും
തുള്ളും മുലകളില്‍ തട്ടിതെറിക്ക്യുന്ന
കടപ്പല്ലിന്നിടയിലൂടൊഴുകുന്നനാക്കും

കഴുത്തില്‍ പിണഞ്ഞു കിടക്കുന്ന നാഗം
വലിച്ചുകുടിക്ക്യും തടമുലക്കണ്ണും
കൈയ്യിലെകാരിരുമ്പിന്‍ കൊടുവാളതും
ചവിട്ടില്‍ കിലുങ്ങുന്ന ചെമ്പിഞ്ചിലങ്കയും

കത്തുന്നിടംതുടയസ്ഥിയൊരുകയ്യിലും
ഇടമ്പല്ലില്‍കൊരുത്തിട്ട വന്‍ കുടല്‍ മാലയും
കൂന്തലടിച്ചു തെറിക്ക്യും നിതംബവും
അരയിലൊരു ചങ്കിനാല്‍ അലംകാര മാലയും

ചുടലാഗ്നിപടരുന്നകടീതടരോമവും
രാജാധിവെമ്പാല തളയിട്ട കാലും
കത്തുംശവങ്ങളെ കീറിവലിക്ക്യുന്നൂ
ഭദ്രകാളി ചുടലഭദ്രകാളി....!

അവിഹിതം - Suresh Kumar G

അവിഹിതം
--------------------------
രതിനമ്മിലനുപൂരകങ്ങളായ്
വിരചിച്ചമഹാപ്രപഞ്ചമേ
എഴുതാതെയിരിക്കണേശിരോ...
ലിഖിതമവിഹിതമെന്നതില്‍

ധനമോ നാരിയോ ഭൂവോ
നുരയും സ്ഥാനമോഹമോ
വിഹിതാവിഹിതമേതെന്നു
നിര്‍വചിക്കുന്നതാരുവാന്‍...
ക്ഷുരകന്റെകത്തിമേല്‍ഞാനാ
പൊരുളുംതേടിനടക്കവേ
കഴിഞ്ഞുപോകുന്നൂകാലം...
നിന്റെ പ്രേമവുമങ്ങനെ.....
ചിലരെ,ഒരു നോക്കുകണ്ടിടാ
തിനിയോചിലരോടുമിണ്ടിയാല്‍
ചിലതോമുജ്ജന്മബന്ധമായ്
വെളിവാവാത്ത പ്രഹേളിക...
വിധിതന്നചതുരംഗമേശമേല്‍
ഇരുപാടുംനോക്കിനില്‍ക്കവേ
പകരുന്നതു പാനപാത്രമോ
വിഷമാര്‍ന്നൊരുനീലസര്‍പ്പമോ

നഗര കോമരം - Dijin K Devaraj

നഗര കോമരം
-----------------------
പൂമരത്തണലില്ല പുൽകിടും കാറ്റില്ല
പൂന്തേനിറുക്കുവാൻ കിളികളില്ല
പാടവരമ്പത്തെ പുല്ലിലത്തുമ്പിലായ്...
പാടിപ്പറക്കുവാൻ പുൽച്ചാടിയില്ല

പുകയുന്നൊരടുപ്പില്ല പകരംതീതു
പ്പുന്ന വിഷലോഹക്കുഴലുണ്ടു
പുകയില വലിച്ചൂതിപള്ളനിറക്കുന്ന
പുതുജനപ്പടയതുണ്ടു സഹിക്കവയ്യ
കാടില്ല മേടില്ല കാട്ടാറിനിരമ്പലില്ല കാമപ്പേനായ്ക്കള്‍തൻ വലകള്‍ചുറ്റും
കൂടില്ലകുയിലില്ല കുഞ്ഞാറ്റക്കിളിയില്ല
കൂകിപ്പറക്കും വേട്ടക്കഴുകൻ ചുറ്റും

കഴുമരം പാടുന്ന നിലവിളിക്കപ്പുറം
കനൽ പോളചുറ്റുമൊരടിമ വർഗ്ഗം
കണ്ണുകളുണ്ടെന്നാകിലും അന്ധതാ
ക്കുലതിന്നുമുടമകളായ മനുഷ്യവംശ്ശം
കാണുവാൻ വയ്യിതു കാപഠ്യനാടകം
കാഞ്ഞവയറായലയുന്നു ജന്മം
കുട്ടികളൊരുപാടു കുപ്പകള്‍തോറും
കോമരം തുള്ളട്ടെ നഗര ജന്മം

തൂലികാവിലാപം - Dijin K Devaraj

തൂലികാവിലാപം
-------------------------
എഴുതിയതെല്ലാം കുഴിച്ചുമൂടി
ഇനിയവയെന്നിലടക്കം ചെയ്തു
നിശ്ശബ്ധ നരവേഷപ്പകർച്ചയിതിൽ...
വാക്കുകള്‍ക്കുമില്ലേ വിലാപജന്മം

കണ്നനഞ്ഞൊരുമാത്ര നേരമല്‍പം
കേവലനരജന്മ രൂപം പൂണ്ടരീദുഷ്ട
കാടത്ത മൃഗക്കോലം കണ്ടുകണ്ട്
കൊന്നുതിന്നുമീ മതജാതിഭ്രാന്തുകണ്ട്‍
ജനിച്ചതിനൊക്കെ ജാതിപറയാത്ത
ലോകംജനിപ്പിച്ച സൃഷ്ടാക്കളെങ്കിൽ
ദെെവങ്ങളീ മനുഷ്യൻ കൊത്തിയ കല്‍ശ്ശിലയിൽ കുടിയിരിക്കുമൊ
കല്ലില്‍കൊത്തി മനസ്സില്ലുറപ്പിച്ച
വേർതിരിവതു ചൊല്ലി പഠിപ്പിച്ച കപടശിൽപ്പങ്ങളോ മുന്നിൽ വിരിപ്പിട്ട് നാണയത്തുട്ടിനായ് തെണ്ടുന്നു കേള്‍
ഇവിടെയെൻ തൂലിക മരിച്ചുവീണു
ഇനിയുമെഴുതുക തോഴർനിങ്ങള്‍
ഇനിയെന്നുമുറങ്ങുമെനിക്കു വേണ്ടി
ഇനിയുമുണരാത്ത കുലത്തിനായി

എന്‍റെ കവിതയില്‍ - Shijith Nechooli

എന്‍റെ കവിതയില്‍
----------------------
കടുത്ത വാക്കുകള്‍ കവിതയില്‍,
നിറച്ചനര്‍ത്ഥ മാക്കുവാന്‍ ഒരുക്കമില്ല ഞാന്‍.
ചെമ്മേ തുടുത്ത വാക്കുകള്‍, കവിതയില്‍
അടുക്കിവച്ചനര്‍ത്ഥ മാക്കുവാന്‍ ഒരുക്കമില്ല ഞാന്‍.
കനത്ത ചിന്തയായ്, നടിച്ചനര്‍ത്ഥ മോ
പകര്‍ത്തി വികലമാക്കുവാന്‍ ഒരുക്കമില്ലതൊട്ടുമേ.

ആസ്വാദനത്തില്‍

കടുത്ത വാക്കിന്‍ ചൂടിനാല്‍
അടുക്കുവാന്‍ വയ്യതര്‍ക്കനോടു ചൊല്ലും.
നനുത്ത കിരണങ്ങള്‍ ഇരവില്‍
തൂവുന്നോരമ്പിളി തനിക്കേറെ പ്രിയമെന്നുചൊല്ലും
വര്‍ണ്ണങ്ങളേഴും എഴുന്നുനില്ക്കും പൂവിന്
ഗന്ധമില്ലതഭംഗിതന്നെന്നു ചെടിയോടു ചൊല്ലും.

കനത്ത ചിന്തകള്‍ക്ക് അകത്തായ്
അകത്തായ് അതെന്തെന്നറിയാന്‍
അടഞ്ഞ വാതിലില്‍ മുട്ടി
മുട്ടീവിളിക്കുവാന്‍ഒരുക്കമെങ്കിലും,

അറിവിന്‍ അകകാഴ്ച കുറവെനിക്ക്
എന്നാരും,ആരുമറിയാതിരിക്കാന്‍
അടഞ്ഞ വാതിലിന്‍, അകത്തു കാഴ്ചകള്‍
അതിപ്രമാധമായ്, എനിക്കേറെ ഇഷ്ടമായ്
എന്നു മുഖത്തെഴുത്ത്‌,
മുറയ്ക്കെഴുതുവാനാവതില്ല

വാതിലില്‍ മുട്ടി തളര്‍ന്ന-
തശ്രു കണങ്ങളാല്‍ ഒരു കുഞ്ഞിന്‍
ജിജ്ഞാസത്തീ അണച്ചകലുവാന്‍ ഒരുക്കമല്ല.
രാജാവ്‌ നഗ്നനെന്നോതുവാനായ്‌,
നിഷ്കളങ്കബാല്യത്തിന്‍ ധൈര്യം എനിക്കിന്നുമേറെ.

ഉയരങ്ങളില്‍ - Sridevi Vijayan

ഉയരങ്ങളില്‍
---------------------
പുലര്‍ കാലവേള തന്‍ കാറ്റിന്‍ തലോടലിന്‍
കുളിരെന്‍റെ മേനിയറിഞ്ഞതില്ല
കലപില കൂട്ടുന്ന കിളികള്‍ തന്‍ നാദവും...
ഒരു മാത്ര കര്‍ണ്ണത്തിലെത്തിയില്ല.

സുരഭിലമായൊരു നറുപുഷ്പമേകിയ
സുഗന്ധവുമേതുമറിഞ്ഞുമില്ല.
ഋതു ശോഭ തന്നിലെ വര്‍ണ്ണ വിരാജിക-
ളൊരു നേരവും നോക്കി നിന്നുമില്ല.
കുളിര്‍ മഴയേകിയോരസുലഭ നിര്‍വൃതി
തഴുകിയില്ലെന്നെയൊരു നാളിലും.
ഉദയത്തിന്‍ ശോഭയും സന്ധ്യ തന്‍ കാന്തിയും
അറിയണമെന്നു നിനച്ചുമില്ല.
ഉയരങ്ങളെത്രയോ താണ്ടുവാനുണ്ടെനി-
യ്ക്കതിനായൊരോട്ടമാണി ജീവിതം.
പലതുണ്ടു നേടുവാനില്ലൊരു വിശ്രമ-
മവസാന നാളുകളെത്തും വരെ.
മലകള്‍ പലതും ചവുട്ടിക്കയറി ഞാ-
നവസാനമെത്തി കൊടു മുടിയില്‍.
ഒരു വര്‍ണ്ണവും ചുറ്റുമെങ്ങും ഞാന്‍ കണ്ടില്ല
ഒരു പുക മഞ്ഞിന്‍റെ ദൃശ്യം മാത്രം.

മഴ - Jamshy KV

മഴ
```````
ഭൂതകാലത്തിന്റെ
ജാലകവിരി നീക്കി
ഓർമ്മകളുടെ കടവുകളിൽ പെയ്യുന്ന മഴയെ ...
പലവട്ടം ഞാൻ നോക്കി നിന്നിട്ടുണ്ട്.


കാറ്റിന്റെ
വിറയാർന്ന വിരലുകളിൽ കുടുങ്ങി
തലതല്ലിച്ചാവുന്ന മഴത്തുള്ളികൾ
വൃണങ്ങൾ നിറഞ്ഞ വഴികളിലൂടെ
എവിടെക്കോ ഒഴുകി പോകുന്നു...!

ഈ മഴ നീയും നനയുന്നുണ്ടാകുമോ..??
നീ തന്നിട്ടു പോയ
ഈ മഴ ഇന്നുമെന്റെ ഭൂമിയെ
നനക്കുകയാണ്.

ജാലക വിരിയിലൂടെയെനിക്ക് കാണാം,
ഇരമ്പിപെയ്യുന്ന ഇവയുടെ തോര്ച്ച
ഇനിയും അങ്ങകലെയാണ്.
ഇനിയിന്നു ഞാൻ അവസാനിപ്പിക്കുകയാണ്.

ജലകവിരി തിരികെ നീക്കിയിട്ട്‌
ഉറങ്ങാൻ കിടക്കുമ്പോൾ
മറക്കരുതേ മറക്കരുതേയെന്ന
ഈ മഴയുടെ നിലവിളിയെന്നെ
എന്നും ഉണർത്തി കൊണ്ടേയിരിക്കുന്നു...!!

മഴയൊരു തേന്‍തുള്ളി - Suja Udayakumar

മഴയൊരു തേന്‍തുള്ളി
-----------------------------------
അനന്തമാം നീലാകാശം
അജ്ഞാതമാം കൈകള്‍നീട്ടി
അവര്‍ണ്ണനീയമാം ആനന്ദത്തോടെ...
അരികിലേക്കതാ മാടിവിളിക്കുന്നു..


ഇന്നെനിയ്ക്കാവിളി രോമാഞ്ചമേകുന്നു
ഇത്രയകലെയായ് നില്ക്കുമ്പോഴും
ഇല്ലയെന്നോതുവാനാവുന്നില്ലെന്‍ ഗഗനമേ
ഇക്കിളിയേകുന്നു നിന്‍ വിളി...

ആ നീലമടിത്തട്ടിന്‍ സാന്ത്വനം
ആ നെഞ്ചിലെ സ്നേഹാമ്യതം
നുകരുവാനാശയായെന്‍മനം
പിടഞ്ഞോടുന്നതിദ്രുതം നിന്നിലേക്ക്....

പിന്നെയുമെന്തിനോ പിന്‍വിളി
പിന്‍മാറി മാര്‍ഗ്ഗത്തില്‍ നില്ക്കുവാനായ്
പിന്‍തള്ളുവാനാവുന്നില്ലിന്നലെകള്‍
പൊയ്പ്പോയൊരോര്‍മ്മയില്‍ ബന്ധിതയായ്....

കണ്ണീരിനുപ്പും നീ ബാഷ്പമായ് മാറ്റി
കയ്പേറുമശ്രു തേന്‍തുള്ളിയാക്കി
കണ്ണെത്താദൂരത്തു വാരി വിതറുമ്പോള്‍
കണ്ടില്ലയെന്നോയെന്നുള്ളിന്‍ തേങ്ങലുകള്‍...!!!

ഗുരുവെന്‍ ദീപം - Suja Udayakumar

ഗുരുവെന്‍ ദീപം
---------------------------
ആത്മാവിലെരിയുന്ന ദീപനാളം നീ
അണയാതെ കാത്തിടും ഞാന്‍
ആ ദിവ്യചേതസ്സിന്‍മുന്നിലെന്നും...
അശ്രുപുഷ്പാഞ്ചലിയര്‍പ്പിച്ചിടും..


കദനത്തിന്‍ കനലും ഹ്യദയത്തില്‍ പേറി
ഒരു വിഹായസ്സിനിപ്പുറം നില്പൂ ഞാന്‍
തേങ്ങുന്നനെഞ്ചിന്‍ ഭാരം അകറ്റുവാന്‍
തേടുന്നു ഞാനെന്‍ ദേവാ നിന്നെ...

എത്രയോദൂരം പിന്നിട്ടുനില്പൂ
പിന്‍തിരിഞ്ഞോടുവാന്‍ ആവില്ലെനിയ്ക്ക്
മാറുന്നു കേവലം അശ്രുധാരയായെല്ലാം
എന്‍ സ്വര്‍ഗ്ഗസ്വപ്നങ്ങളെത്ര വ്യര്‍ത്ഥം...

നിന്നിലേക്കെത്തുവാനോടിത്തളര്‍ന്നൂ
പാതിയില്‍ ഹാസ്യമായെന്നെയുപേക്ഷിച്ചു
എന്‍ മനപക്ഷിതന്‍ ചിറകൊടിഞ്ഞയ്യോ
നോക്കാതെ പോകയോ നിഷ്ക്കരുണം....

എന്‍ ചിന്തകളില്‍സദാ നിറഞ്ഞു നില്ക്കും
പ്രാര്‍ത്ഥനകളില്‍ നിത്യമോടിയെത്തും
അറിയാതെ പറയാതെ വഴിമാറിയെങ്കിലും
സ്മരിക്കാതിരിക്കുവാനാവില്ല ദേവാ നിന്നേ....

എത്രയുഗ സന്ധ്യകളില്‍ ഗുരുവെന്‍ പ്രകാശം
അര്‍ദ്ധയാമിനികളില്‍ പൂര്‍ണ്ണേന്ദുവായ് ദേവന്‍
കണ്‍ചിമ്മിനോക്കുന്ന താരങ്ങളേ നിങ്ങള്‍
അറിയുന്നുവോയെന്‍ ഗുരുദേവന്‍ മഹത്വം... !!

തിരുവാതിര - Harish Nataraj

തിരുവാതിര
---------------------

ആതിരരാവിലലിയാന്‍ തിരുവാതിരരാവിന്നറയില്‍
താഴെതണുപ്പിന്റെ ഇക്കിളിപായയില്‍
മയങ്ങാതൊന്നിന്നുണരുമോ ..
നോവെടുത്താ നോമ്പുമായ് ...
നോവിന്റെ തീരത്തെന്‍
നെഞ്ചിന്റെ താളംത്തിലാ
ചുവടുണര്‍ത്തിടാന്‍

മഞ്ഞിന്‍പുതപ്പൊന്നുമാറ്റി
മഞ്ഞപട്ടാടചുറ്റി
മായാമനസ്സിലെ
മാന്തോപ്പിലെന്നോ
ഊഞ്ഞാലിലാടി നീ ...
ആയിരംവര്‍ ണ്ണങ്ങള്‍ചേര്‍ത്താ
ആരോരുംകാണാത്താ മോഹം
ആരോമലിന്നായ് നല്‍കാം
തിരുവാതിരത്തോണിയില്‍
കാണാക്കിനാവിലെന്‍
ധനുമാസപെണ്ണുനീ....

ഓർമയിലെ സത്തിയം - Mahesh Kumar

ഓർമയിലെ സത്തിയം
-----------------------------

ഹൃദയങ്ങൾ ഇവിടെ
പകുതി വഴി വിടവാങ്ങി
അകലുംപോൾ
ഓർമയിലൊരു സത്തിയം
മായാതെ നീ മറന്നു.
...
അരികിൽ നിന്നു നീ
അകലേക്ക് മറയുമ്പോൾ
പിടയുന്നതെന്റെ ഹൃദയവും
ഇരുളിന്റെ പിറവിയും നീ മറന്നോ.
ഉരുകുന്ന ആത്മാവിൽ
ഇരുളിന്റെ മറനീക്കി
കുളിരുള്ള തെന്നലായ്
തഴുകി അടുത്തതും നീ
ഇന്നു നീ അകലുന്നോ...
ഇ പകുതിയിൽ നീ മറയുന്നോ.. .
എൻ സ്നേഹം നിന്നുള്ളിൽ
സത്തിയവും നീതിയെങ്കിൽ
ഓർക്കുകാ നീ ....
അറിയുക സത്തിയം
മരിക്കാതെ ഓർമകളിൽ
മറക്കാതെ നിൻ ഹൃദയത്തിൽ
ഞാനെന്ന സത്തിയം...
നിന്നിലുണരുന്ന
ഓർമയിലെ സത്തിയം.!!!!!

ആതങ്കമെന്തിനു കണ്ണാ.... - Sridevi Vijayan

ആതങ്കമെന്തിനു കണ്ണാ....
-------------------------------
ആതങ്കമെന്തിനു കണ്ണാ നിനക്കിന്നു?
ചാരത്തായമ്മ യശോദയില്ലേ?
കോലക്കുഴല്‍ വിളി കേട്ടോടിയെത്തുന്ന...
ഗോക്കളും ഗോപികമാരുമില്ലേ?

വെണ്ണയും പാലും കവര്‍ന്നിടുവാനായി-
ട്ടുണ്ടല്ലോ തോഴരും നിന്‍റെ കൂടെ
കെട്ടിയുരലിലെന്നാകിലും നെഞ്ചോടു
ചേര്‍ത്തണയ്ക്കാന്‍ നിന്‍റെ തായുമില്ലേ?
വട്ടമിട്ടു നിന്‍റെ കൂടെക്കളിച്ചിടാ-
നെത്രയോ തോഴിമാരെന്‍റെ കണ്ണാ
നിത്യവും നിന്നെ ഭജിച്ചിടും രാധയു-
മെപ്പോഴുമുണ്ടല്ലോ നിന്‍റെ കൂടെ.
എന്നിട്ടുമെന്തിനായാതങ്കമിന്നു നിന്‍
മന്ദസ്മിതമൊന്നു കണ്ടില്ല ഞാന്‍
മന്ദമായെന്നിലേക്കെന്നുമെത്തീടുത്തുന്ന
പുല്ലാങ്കുഴല്‍ വിളി കേട്ടില്ല ഞാന്‍.

നിനക്കായ്‌ ഗന്ധര്‍വാ. - Archana Nandakumar

നിനക്കായ്‌ ഗന്ധര്‍വാ.......
--------------------------------
ഇന്നീയഷ്ടമി നാളിലെൻ
പ്രണയസൗരഭ്യമായ് അരികത്തണയൂ ..
നിൻ ശ്രുംഗരവുംമധുര നാദവും
പ്രണയവുമായീ വീണയെ തൊട്ടറിയൂ......
പുലര്‍ക്കാലയാമങ്ങളിൽ
പാലപ്പൂവിൻ സുഗന്ധത്തിൽ
വെണമേഘ തേരിൽനീ വന്നിറങ്ങുമ്പോൾ...
പവിഴമാന ഗന്ധർവാ
നിൻ സുരഭില സാന്നിധ്യമെന്നിൽ
തീർക്കുന്നു നിലക്കാത്ത സ്വപ്ന സംഗീതം..
നിൻ പ്രേമ ഭിക്ഷക്കായ്‌ നിന്നിഷ്ട
കുറിക്കൂട്ടും..മൈലാഞ്ചി കൈകളും
ചെംതോട മാലയുമായ്
വശ്യമനോഹരിയായ് ഞാനൊരുങ്ങി നില്പൂ.
പൂക്കാൻ കൊതിക്കുമീ ചെമ്പക മൊട്ടിനെ
നിൻ സ്പർശത്താൽ പൂത്തുലയ്ക്കു....
മധുപാത്രത്തിലെ മധുവായെന്നെ
നിന്നധരങ്ങളിൽ ചേർത്തു വയ്ക്കു...
നീ നല്കുന്ന പ്രണയമാണെന് പുതു ജീവന്‍
ഓരോ നിദ്രതന് അകലങ്ങളിലും
നീയെന്നെ തൊട്ടുണര്ത്തുന്നതും­ കാത്തു..

പുഴ - Jamshy KV

         പുഴ
--------------------

എത്ര ചേർത്ത് പിടിച്ചാലും
മഴ, മാനത്തെ വിട്ടു പോകും.
മണ്ണിൽ പതിക്കുന്ന ...
മഴതുള്ളികളെല്ലാം
ഒരു പുഴയെ
ഗർഭം ധരിച്ചിരിക്കും...!

ഏതോ മണൽ കുഴിൽ വീണ
ഒരു മഴ തുള്ളിയിൽ നിന്നും
അവൾ പിറക്കും....
അവൾ വളരും...
അവൾ വലുതാവും...
അവളുടെ വേരുകൾ മെല്ലെ
മണൽ പരപ്പിലേക്ക് ഇഴഞ്ഞിറങ്ങും..
തുള്ളികൾ നിറഞ്ഞ്
ചില്ലകൾ വളർന്ന്
അവളൊരു പുഴയാകും...!
കാറ്റിന്റെ വിരലിൽ തൂങ്ങി
അവളൊഴുകും..
അവളൊഴുകും...
അവളൊഴുകും.....
ഒഴുകിയൊഴുകി
ഒടുവിൽ കടലിന്റെ ഇരുളിൽ
അവൾ മോക്ഷമടയും...!

ചതുരംഗക്കളമാണു ജീവിതം - Suresh Ji

ചതുരംഗക്കളമാണു ജീവിതം
-----------------------------------------

ചതുരംഗക്കളമാണു ജീവിതം
വെട്ടിയുമൊതുക്കി മന്നേറണം
ചതുരങ്ങളേറെയുണ്ടു ജീവനില്ലാ-
ചതുരങ്ങളെല്ലാമവയിലോ...
രാഹുവും കേതുവും കുടിയിരിക്കുന്നൂ

ചതുരോപായത്തിലൂടെ ജീവന്‍
ചതുമായ് നയിപ്പാന്‍ ചാതുര്യം വേണം

ഞാനൊരു നാടോടി പെണ്ണ് - Dileep Elanji

ഞാനൊരു നാടോടി പെണ്ണ് ...
-------------------------------------------
പാവം ഞാനൊരു നാടോടി പെണ്ണ്
ജട പിടിച്ചൊരീ കൂന്ദലിൻ കെട്ടും..
താംബൂല ചുർണ്ണത്താൽ ചുവന്നൊരു ചുണ്ടും..
കീറി പറിഞ്ഞൊരു കുപ്പായ കെട്ടും.....
എന്നെ ചിലർ വിളിച്ചു കാക്കാലത്തീ...
ഞെട്ടറ്റു വീണൊരു അത്തി പഴം പോലെ ..
ചിന്നി ചിതറിയ എന്റെ ബാല്യം ..
കരിവള അണിയുവാൻ മോഹിച്ച കൈകളില്‍ ..
പേറുന്നു ജീവിത മാറാപ്പ് പാണ്ടങ്ങൾ
കൺമഷി കറുപ്പാൽ തിളങ്ങേണ്ട മിഴികളിൽ...
പരിദേവനത്തിന്റെ നിസംഗ ഭാവം
ഒരു പിടി അന്നം തേടുവതിനായി ഞാന്‍
തെരുവുകൾ തോറും അലഞ്ഞു നടന്നു
അരവയർ അന്നം യാചിച്ച എന്നെ..
പെരുവയർ കുലുക്കി കൂകി ഓടിച്ചു ചിലര്‍
കീറിപറിഞ്ഞൊരീ കുപ്പായ കെട്ടിലും..
കാമത്തിൻ കണ്ണാലേ നോക്കുന്നതീ ചിലര്‍
തളിർക്കും മുന്നേ നുള്ളിയ നാമ്പുപോൽ..
മുരടിച്ചു പോയൊരു അനാഥ ജന്മം
കൊത്തി വലിച്ചെന്നെ കഴുക കൂട്ടങ്ങൾ..
ദംഷ്ടട(യിറക്കി എൻ രസമുകളങ്ങളിൽ
ചുട്ടുതിന്നെന്റെ മാംസ കഷണങ്ങളെ..
പൊട്ടി ചിരിച്ചവർ കോമരം തുള്ളി

കത്തിച്ചു വച്ചൊരു നിലവിളക്കില്ല...
തൂകുവാൻ അ(ശുകണങ്ങളില്ല...
ആത്മമോക്ഷത്തിനായി ഉരുവിടേണ്ട..
രാമായണ ശീലുകൾ ഏതുമില്ല..
പുതയ്കുവാൻ ആചാര പട്ടില്ലെനിക്ക്
തുളസിയും തെറ്റിയും ദർഭയുമില്ല
വായ്കരി ഇല്ലാതെ മന്ത്രങ്ങളില്ലാതെ..
പോകുന്നു ഞാനീ പരലോക യാത്ര
കൈ കൊട്ടി വിളിക്കായി കാത്തിരുന്നു
പാഥേയം ഉണ്ണുവാൻ ബലി കാക്കകൾ

നിളയും തുളസിയും - Pradeep Devu Pradeep

നിളയും തുളസിയും
------------------------------

ഒന്നു നിശ്വസിച്ചാല്‍ കേള്‍ക്കാന്‍
കഴിയുന്നതിനും അപ്പുറം
എന്‍റെ അമ്മയുണ്ടു........
നിറഞ്ഞൊഴുകുന്ന കണ്ണുകളുമായ്.....
ദുഖത്തിന്‍ നെരിപ്പോടിന്‍ ചൂടേറ്റു
കറുത്തു കരുവാളിച്ചു
ഒരു പടുകുഴിയിലേക്കാണ്ടു പോയ
രണ്ടു കണ്ണുകള്‍ , ഇനിയും
വറ്റിവരളാത്തൊരു
നിളാനദിയുണ്ടെന്നോര്‍മ്മപ്പെടുത്തുന്നു....
എനിക്കു മീതേ ഉയര്‍ന്നു പൊങ്ങിയ
മണ്‍കൂനയിലെന്‍റെ ഓര്‍മ്മകളെ ഓര്‍മ്മപ്പെടുത്തി
എന്നിലേക്കാഴ്ന്നിറങ്ങുന്ന ഒരു തുളസിച്ചെടിയുടെ വേരുകള്‍ സദാ എന്നെ ഓര്‍മ്മപ്പടുത്തുന്നു....
'അമ്മയുണ്ടു തൊട്ടരുകില്‍ '....
ആ ഓര്‍മ്മപ്പെടുത്തല്‍
എന്നില്‍ ആത്മ ചൈതനൃംനിറക്കുന്നൊരു നിളയാണ്.....
എനിക്കായി മാ(തം
വറ്റിവരളാതൊഴുകുന്നൊരു നിള.....
എന്‍റെ കണ്ണു നീര്‍ നിള !

അമ്മുവും ചേട്ടനും - Suja Udayakumar

അമ്മുവും ചേട്ടനും
------------------------------

അടുക്കളയിലോടിയെത്തിയമ്മയെ
വട്ടം പിടിച്ച് കണ്ണിമയ്ക്കാതെ നോക്കുന്ന
തനയയോടമ്മ ചോദിച്ചു ഉച്ചത്തില്‍...
"മുറ്റമടിച്ചുവാരിക്കഴിഞ്ഞോ പെണ്ണേ നീ ?"....



കണ്‍കളടച്ചാംഗ്യഭാഷയിലില്ലെന്ന
സൂചന നല്കിയമ്മു പിടിവിടാതെ
നീട്ടിയാക്കൈകള്‍ ദോശയൊന്നെടുക്കുവാ
നമ്മയ്ക്കു ഹ്യദ്യമാം ചിരിയൊന്നു നല്കി....

പെണ്ണായ്പ്പിറന്നവരെല്ലാം മുറ്റമടിക്കണ
മെന്നച്ഛമ്മയെന്നെ ശകാരിച്ചു പ‍ക്ഷേ
ചേട്ടന്‍ ഓടിക്കളിക്കുന്നങ്കണത്തില്‍
ഏകില്ലയാരും ശകാരമവനു മാത്രം....

അമ്മയ്ക്കിന്നാരെയേറെയിഷ്ടം
ചേട്ടനെയാണെന്നെനിക്കറിയാം
ഇല്ലിവിടാരും എന്‍ തുണയ്ക്കായ്
വിങ്ങിവിതുമ്പിക്കരച്ചിലായമ്മു ....

കോരിയെടുത്തമ്മ മാറോടു ചേര്‍ത്തു
ചുംബനപ്പൂമഴയില്‍ക്കുതിര്‍ത്തൂ
അമ്മുവിനോടായ് ഞാനൊരു ചോദ്യം
ചോദിക്കാമേകണം ക്യത്യമായുത്തരം...

നിന്‍ മിഴിപ്പൂക്കളിലേറ്റം മനോഹര
മേതെന്നു ചൊല്ലണം നീയതിശീഘ്രം
ഈമുഖകര്‍ണ്ണങ്ങളിലമ്മുവിനിഷ്ട
മേതെന്നു കാട്ടിത്തരണമീ നിമിഷം...

ഏറെവലയ്ക്കുന്നീ ചോദ്യമെന്നെ
രണ്ടുമിഴികളുമെനിക്കൊരുപോല്‍ പ്രിയം
കാതുകള്‍ രണ്ടിലേതെന്നു കാട്ടുവാന്‍
കഴിയുന്നില്ലെനിയ്ക്കയ്യോ കുഴഞ്ഞുവല്ലോ....

നീയുംമനസ്സില്‍നിറയ്ക്കണമീയുത്തരം
അമ്മുവും ചേട്ടനും അമ്മയ്ക്കൊരുപോല്‍
എന്‍രണ്ടു കണ്ണുകള്‍ കാതുകള്‍ പോലെ നിങ്ങള്‍
വ്യത്യാസംകാട്ടുവാനാവില്ലീയമ്മയ്ക്കൊരിക്കലും....

കെട്ടിപ്പിടിച്ചങ്ങ് മുത്തങ്ങളേകി ചിരിച്ചമ്മു
കണ്ണീര്‍തുടച്ചമ്മതന്‍ മാറില്‍ വീണ്ടും
ഓടിയിറങ്ങി ചൂലുമായ് വെളിയില്‍
മുറ്റമടിക്കുവാന്‍ തുടങ്ങി വേഗത്തില്‍.... !!

മോഷ്ടിക്കപെട്ടിരിക്കുന്നു ! - പാവം ഫക്കീർ

മോഷ്ടിക്കപെട്ടിരിക്കുന്നു !
---------------------------------------

അവളുടെ മുഖം
സ്നേഹം കവർന്നെടുത്തു

അവളുടെ വാക്കുകൾ
ഹൃദയം മനോഹരമാക്കി
അവളുടെ നിരൂപണം
തലച്ചോർ വീതംവെച്ചു
അവളുടെ മൗനം
ഇടനെഞ്ചിൽ വിരഹമേറ്റി
അവളുടെ ചാറ്റ് ബോക്സ്‌
ഉള്ളം ഉന്മത്തമാക്കി
*
അവളുടെ പി.സി.
ചതിക്കുകയായിരുന്നു
അതവളെ അല്ലായിരുന്നു
മുഖംമൂടിയുള്ള അവനായിരുന്നു
ഒന്നെനിക്കുറപ്പായി
ഗർഭപാത്രമൊഴികെ
ബാക്കിയെല്ലാം
മോഷ്ടിക്കാമെന്നു !

പെഷാവർ - Dileep Elanji

                           
                                 

          പെഷാവർ
      ---------------------------

പെഷാവറേ...നീ ഇന്നൊരു ദുഃഖപു(തി
പു(തവിയോഗത്താൽ വിലപിക്കുന്ന ഗാന്ധാരിയേപ്പോൽ.....

ഹരി(ശീകുറിച്ചൊരാ വിദൃാലയമുറ്റത്ത്
തളം കെട്ടി നിൽക്കുന്ന ചോരചാലുകൾ

പാൽമണം മാറാത്ത... പൈതലിൻ ചുണ്ടില്‍
കിനിയുന്നതോ ഇന്ന് ചോരതുള്ളികൾ


അറിവിന്റെ ശീലുകൾ ഉയർന്നിരുന്നാമുറ്റത്ത് ...
നിറയുന്നതോ ഇന്ന് ശിശുരോദനങ്ങൾ..


അമ്മതൻ സമ്മാനമായ പനിനീർപൂവ്
ഉണ്ണി തന്റെ ഇടനെന്ചിൽ ചേർത്തിരുന്നു ഗുരുമുഖത്ത്...


അച്ഛന്‍ തന്നൊരാ സ്നേഹചുഃബനവും
കുഞ്ഞനുജത്തിതൻ കുസൃതിചിരിയും


നിറഞ്ഞൊരു പാൽ പുഛിരിയാൽ ഓർത്തുകൊണ്ട്...
ഇരുന്നൂ ഉണ്ണി ഇന്നാപാഠശാലയിൽ..


(ടൗസറിൻ പോക്കറ്റില്‍ സൂക്ഷിച്ച നാരങ്ങാമിഠായി...
സമ്മാനമായി നൽകേണം ഇന്നെന്നനുജത്തിക്ക്...


ഇടനെന്ച് തുളച്ച് വന്നൊരാ വെടിയുണ്ട..
തകർത്തെറിഞ്ഞിന്നാ കുഞ്ഞു സ്വപ്നങ്ങളെ...


ചിതറി വീണാ പനിനീർപൂക്കളിൽ
ഇറ്റിറ്റുവീഴുന്നു ചോരതുള്ളികൾ...


പെഷാവറേ..നീ...ഇന്നൊരു ദുഃഖപു(തി...
പു(തവിയോഗത്താൽ വിലപിക്കുന്ന ഗാന്ധാരി നീ....


തേങ്ങുന്നു നിൻ (ഹദയം മാത്രവിലാപത്താൽ....
അഴിക്കുക നിൻ നേർകാഴ്ചയെ മറയ്കുന്ന ബന്ധനം...


തകര്‍ത്തെറിയുക സ്നേഹിച്ചിടാത്തൊരീ തത്വശാസ്(തത്തെ...
തച്ചുടക്കുക ഈ കാട്ടാള ഭീകരതയെ...


വിശുദ്ധ യുദ്ധമെന്ന ഓമനപേരാൽ
വിളിക്കുന്നരീ...മഹാമാരിയെ !!


ഈണം താ കിളി - Shijith Nechooli


ഈണം താ കിളി
------------------------

ഈണം താ കിളി, പാട്ടു മൂളാം -
തൂവല്‍ താ കിളി, പാട്ടെഴുതാം

ആരും കൊതിക്കുന്നോരനുരാഗ - 
ശീലെന്‍ ഹൃദന്തത്തില്‍ തൊട്ടെഴുതാം



ഒരു കൊയ്ത്തു പാട്ടിന്‍റെ ഈണമെങ്കില്‍ -
ചാറ്റല്‍ മഴയ്ക്കൊത്ത താളമെങ്കില്‍

കൂട്ടിനായ് പനംതത്ത പാറിയെത്തും -
കൊഴിയുന്ന പൊന്മണി തേടിയെത്തും

മുളം കാട്ടിലെ കാറ്റനുപല്ലവി മൂളും -
അതാലില മര്‍മ്മരമേറ്റുപാടും

പൂങ്കുയില്‍ പാട്ടില്‍ ലയിച്ചു നില്ക്കും -
എതിര്‍ പാടാന്‍ അവളോ മറന്നു പോകും.

ആരുടെ ചുണ്ടിലും തത്തിക്കളിക്കും -
ഒരീണത്തില്‍ നീയിതൊന്നു പാട്

കാതിലായ് ഇമ്പം തുളുമ്പുമീ ഗാനം
തുഞ്ചന്‍റെ തത്ത പോലൊന്നു പാട് !!!

സിന്ദൂര സന്ധ്യ - Sridevi Vijayan

സിന്ദൂര സന്ധ്യ
------------------
കുങ്കുമ ശോണിമ ചാലിച്ച സന്ധ്യേ നിന്‍
മന്ദസ്മിതത്തിലിതെന്തേ ശോകം?...

തീര്‍ത്തും ക്ഷണികമീ ജീവിതമെന്നോര്‍ത്തു
പേര്‍ത്തും വിലപിക്കയാണോ?



അര്‍ക്കന്‍റെ രശ്മികള്‍ ദൂരെയായ് മാനത്ത്
പൊല്‍ത്തുവല്‍ ചിന്തി മറഞ്ഞു പോയി

കാര്‍മേഘ കംബളം വാരിപ്പുതച്ചിട്ട്
രാത്രിയും മന്ദം നടന്നടുത്തു

വൃക്ഷ ശിഖരങ്ങള്‍ തന്നിലായ് പക്ഷികള്‍
കൂട്ടമായ്‌ പോയതാ കൂടണഞ്ഞു

നക്ഷത്രക്കുഞ്ഞുങ്ങള്‍ ഒന്നു രണ്ടിങ്ങനെ
മിന്നി മിന്നി വന്നു നോക്കി നിന്നു.

എത്ര ക്ഷണികമീ യാമമെന്നാകിലും
സുന്ദര സന്ധ്യേ നീയെത്ര ധന്യ!

ദീപം തെളിയിച്ചു മൂലോകരെല്ലാരും
ദേവനെ വാഴ്ത്തുന്നതീ മുഹുര്‍ത്തം

Tuesday, January 20, 2015

കാവ്യ ദര്‍പ്പണം - Sridevi Vijayan

കാവ്യ ദര്‍പ്പണം  
----------------------------
കാവ്യാംഗന കുളിച്ചീറനായ് തന്നുടെ -
കാന്തിയെ നോക്കവേ ദര്‍പ്പണത്തില്‍

ആരെയും വിസ്മയിപ്പിക്കും പ്രഭാപൂര -
മാദര്‍പ്പണത്തില്‍ പ്രതിഫലിപ്പൂ

എത്രയതുല്യമാം തൂലിക തന്നുടെ -
മാസ്മര ഭാവങ്ങളുണ്ടിവിടെ

ആയിരം കാവ്യകുസുമങ്ങളെത്തുന്ന -
മായിക സുന്ദര ലോകമിത്

ചന്തമിയലുന്ന സങ്കല്‍പ്പങ്ങളുണ്ടിതില്‍ -
പിന്നെയോ ചിന്തകളേറെയുണ്ട്

ചുറ്റുമായെത്തുന്ന ജീവി തക്കാഴ്ച തന്‍ -
ദൃശ്യങ്ങളും അതിന്‍ വിസ്മയങ്ങള്‍.

സുന്ദര സൃഷ്ടികളെന്നുമെത്തീടട്ടെ -
വന്നിടട്ടെ നവ ചൈതന്യവും

നന്മ തന്‍ സൌഹൃദമെന്നും വിരിയട്ടെ -
നമ്മുടെയീ പുതു കൂട്ടായ്മയില്‍ !!!

https://www.facebook.com/photo.php?fbid=10203723600158987&set=gm.813494192049370&type=1&theater
*****************************************